Kerala
തിരുവനന്തപുരം: ശബരിമലയില്‍ നടന്നത് സ്വര്ണക്കവര്ച്ചയാണെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. കവര്‍ച്ചയ്ക്ക് വേണ്ടി ആസൂത്രിതമായ ഗുഢാലോചന നടന്നു.
ഉണ്ണികൃഷ്ണന് പോറ്റിയും കുട്ടുപ്രതികളും ഗുഢാലോചന നടത്തിയെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഇത് സംബന്ധിച്ചുള്ള വിശദമായ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് അന്വേഷണ സംഘം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.
അന്വേഷണത്തെക്കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ പുറത്തുവിടരുതെന്ന ഹൈക്കോടതി നിര്‍ദേശം നിലവിലുള്ളതിനാല്‍ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ അതീവ രഹസ്യമാണ്.
സ്വര്‍ണക്കവര്‍ച്ചയില്‍ വരും ദിവസങ്ങളില്‍ കുടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. പോറ്റിയുടെ സഹായി അനന്തസുബ്രഹ്മണ്യത്തെ അന്വേഷണ സംഘം ചോദ്യം ചെയ്ത ശേഷം തിങ്കളാഴ്ച രാത്രിയോടെ വിട്ടയച്ചിരുന്നു.
അന്വേഷണ വിവരങ്ങള്‍ ഹൈക്കോടതിയെ മാത്രമെ അറിയിക്കാന്‍ പാടുള്ളുവെന്ന നിര്‍ദേശം കോടതി പുറപ്പെടുവിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി. ശശിധരന്റെ നേതൃത്വത്തിലുള്ള സംഘം കോടതിയില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.
ഈ റിപ്പോര്‍ട്ട് ഹൈക്കോടതി ഇന്ന് പരിഗണിക്കുകയാണ്. ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന പ്രത്യേക സംഘത്തിന്റെ അന്വേഷണത്തിനു മേല്‍നോട്ടചുമതല കോടതി നല്‍കിയിരിക്കുന്നത് ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷിനാണ്.
Kerala
കൊല്ലം: കെഎസ്ആർടിസി ബസിൽ പ്ലാസ്റ്റിക് കുപ്പി സൂക്ഷിച്ചതിന് ഡ്രൈവറെ സ്ഥലംമാറ്റിയ ഗതാഗത വകുപ്പിന്റെ നടപടി ഹൈക്കോടതി റദ്ദാക്കിയതിൽ പ്രതികരണവുമായി മന്ത്രി കെ.ബി. ഗണേഷ് കുമാർ.
നടപടി നേരിട്ട ഡ്രൈവർക്കു പിന്നിൽ യുഡിഎഫ് ആണെന്നും ഹൈക്കോടതിയിൽ സീനിയർ അഭിഭാഷകനെ വയ്ക്കാൻ പണം നൽകിയത് യുഡിഎഫ് യൂണിയനാണെന്നും അദ്ദേഹം ആരോപിച്ചു. കെഎസ്ആർടിസി നന്നാവരുത് എന്നാണ് ഇവരുടെ ആഗ്രഹം. കെഎസ്ആര്‍ടിസി നശിക്കാൻ ആഗ്രഹിക്കുന്ന യൂണിയന്റെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുന്നുവെന്നും മന്ത്രി പരിഹസിച്ചു.
ഡ്രൈവറുടെ സ്ഥലം മാറ്റം റദ്ദാക്കിയ കോടതി ഉത്തരവ് അംഗീകരിക്കുന്നു. എന്നാൽ, വകുപ്പുതല നടപടി സ്വീകരിക്കുന്നതിന് തടസമില്ലെന്നും ഗണേഷ്കുമാര് പറഞ്ഞു.
സ്ഥലംമാറ്റം ചോദ്യം ചെയ്തു കെഎസ്ആര്‍ടിസി ഡ്രൈവര്‍ ജയ്മോന് ജോസഫ് സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു കോടതിയുടെ ഉത്തരവ്. വെള്ളക്കുപ്പി ബസില്‍ സൂക്ഷിച്ചതിന്റെ പേരില്‍ കെഎസ്ആര്‍ടിസി ഡ്രൈവറെ സ്ഥലം മാറ്റിയത് ഉചിതമാണോയെന്നും ജീവനക്കാരുടെ തൊഴില്‍ സംസ്കാരമാണു മാറേണ്ടതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
സ്ഥലം മാറ്റുന്നതില്‍ തെറ്റില്ല. എന്നാല്‍, മതിയായ കാരണം വേണം. ഹര്ജിക്കാരന് ബസില്‍ സൂക്ഷിച്ചതു മദ്യക്കുപ്പിയല്ലല്ലോ. ഇത്തരം കാര്യങ്ങളല്ല, ജീവനക്കാരുടെ തൊഴില്‍സംസ്കാരം മാറ്റുന്നതിനുള്ള നടപടികളാണു സ്വീകരിക്കേണ്ടതെന്നും ജസ്റ്റീസ് എന്‍. നഗരേഷ് പറഞ്ഞു.
ബസിന്റെ മുന്‍വശത്തെ ചില്ലിനോടു ചേര്‍ന്ന് രണ്ട് കുടിവെള്ളക്കുപ്പികള്‍ വച്ചിരിക്കുന്നതു യാത്രയ്ക്കിടെ നേരിട്ടു കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഗതാഗത മന്ത്രി ഇടപെട്ട് നടപടിയെടുത്തത്.
Kerala
കൊച്ചി: മണ്ണൂത്തി - ഇടപ്പള്ളി ദേശീയപാതയിലെ പാലിയേക്കരയില്‍ ഉപാധികളോടെ ടോള്‍ പിരിക്കാമെന്ന് ഹൈക്കോടതി. ടോള്‍ വിലക്കുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ഹൈക്കോടതി നിര്‍ണായകമായ ഉത്തരവ് പുറപ്പെടുവിച്ചത്.
പുതിയ നിരക്ക് ഈടാക്കരുതെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ജസ്റ്റീസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റീസ് ഹരിശങ്കര്‍.വി. മേനോന് എന്നിവരാണ് ഹര്‍ജി പരിഗണിച്ചത്.
ഓഗസ്റ്റ് ആറിനാണ് പാലിയേക്കരയില്‍ ടോള്‍ വിലക്കി ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിനെതിരേ ദേശീയപാതാ അഥോറിറ്റി സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ടോള്‍ വിലക്ക് ശരിവച്ചു.
തൃശൂര്‍ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്, ഷാജി കോടങ്കണ്ടത്ത്, നിയുക്ത യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ.ജെ. ജനീഷ് തുടങ്ങിയവര്‍ നല്കിയ ഹര്‍ജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്.
Kerala
കൊച്ചി: രാഷ്ട്രപതി ദ്രൗപതി മുര്‍മു ശബരിമലയില്‍ ദര്‍ശനം നടത്തുമ്പോള്‍ ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാകരുതെന്ന നിര്‍ദേശവുമായി ഹൈക്കോടതി. രാഷ്ട്രപതി ദര്‍ശനം നടത്തുമ്പോള്‍ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ഫലപ്രദമായ നടപടികള്‍ ഉണ്ടാകണമെന്ന നിര്‍ദേശവും ഹൈക്കോടതി നല്കി.
ദേവസ്വം ബോര്‍ഡും പോലീസും ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഈ മാസം 22നാണ് രാഷ്ട്രപതി ദ്രൗപതി മുര്‍മു ശബരിമലയില്‍ ദര്‍ശനത്തിന് എത്തുന്നത്.
രാഷ്ട്രപതിയുടെ വാഹനവ്യൂഹം ഉള്‍പ്പെടെയുള്ള പോലീസ് അപേക്ഷ സ്പെഷല്‍ കമ്മീഷണര്‍ക്ക് നല്‍കിയിരുന്നു. സ്പെഷല്‍ കമ്മീഷണര്‍ ഇക്കാര്യം ഹൈക്കോടതിയെ ധരിപ്പിക്കുകയും ചെയ്തു. ദേവസ്വം ബോര്‍ഡും കോടതിയെ കാര്യങ്ങള്‍ ധരിപ്പിച്ചു.
ഗൂര്‍ഖ ജീപ്പിലായിരിക്കും രാഷ്ട്രപതി പമ്പയില്‍നിന്ന് സന്നിധാനത്തേക്ക് പോകുക. ആ വാഹനത്തിനും ആറ് മറ്റ് വാഹനങ്ങള്‍ക്കും സന്നാധാനത്തേക്ക് കടക്കാന്‍ കോടതി അനുമതി നല്‍കിയിട്ടുണ്ട്.
Kerala
കൊച്ചി: ഇടപ്പള്ളി-മണ്ണുത്തി ദേശീയപാതയിൽ പാലിയേക്കരയിലെ ടോള്‍ പിരിവ് വിലക്ക് തുടരും. ടോള്‍ പിരിവ് പുനഃരാരംഭിക്കുന്നതിൽ വെള്ളിയാഴ്ച ഉത്തരവിറക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
ഗതാഗതക്കുരുക്ക് തുടരുകയാണെന്ന കളക്ടറുടെ റിപ്പോർട്ട് പരിഗണിച്ചാണ് ജസ്റ്റീസുമാരായ എ. മുഹമ്മദ് മുഷ്താഖ്, ഹരിശങ്കര്‍ വി. മേനോൻ എന്നിവരുടെ ബെഞ്ച് ടോൾ പിരിവ് നിരോധനം നീട്ടിയത്.
ടോള്‍ പിരിവ് താത്കാലികമായി നിര്‍ത്തിവച്ചുകൊണ്ടുള്ള ഉത്തരവ് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ദേശീയ പാതാ അതോറിറ്റിയുടെ ഹര്‍ജി പരിഗണിക്കവേയാണ് കോടതി ഇക്കാര്യം അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഓണ്‍ലൈനായി ഹാജരായ തൃശൂര്‍ കളക്ടറോട് ഇന്ന് തന്നെ സ്ഥലം സന്ദര്‍ശിച്ച് പരിശോധിക്കാനും കോടതി നിര്‍ദേശം നൽകി.
കളക്ടറോട് നിലവിലെ റോഡിന്റെ അവസ്ഥയെക്കുറിച്ച് കോടതി വിവരം തേടി. 60 കിലോമീറ്റര്‍ ടോള്‍ പിരിക്കുന്ന ദൂരത്തിൽ മൂന്നോ നാലോ ഇടങ്ങളിൽ മാത്രമാണ് പ്രശ്നമെന്നാണ് എജി ഹൈക്കോടതിയെ അറിയിച്ചത്. എന്നാൽ, എവിടെയൊക്കെയാണ് പ്രശ്നമെന്ന് കോടതി കളക്ടറോട് ചോദിച്ചു. അഞ്ചു കിലോമീറ്റര്‍ ദൂരത്തിലാണ് പ്രശ്നമെന്ന് കളക്ടര്‍ മറുപടി നൽകി.
ഈ റോഡിലൂടെ സഞ്ചരിച്ചാൽ പ്രശ്നങ്ങള്‍ മനസിലാകുമെന്നും ഇവിടെ ഇരിക്കുന്ന എല്ലാവര്ക്കും അത് വ്യക്തമായി അറിയാമെന്നും ഹൈക്കോടതി എജിക്ക് മറുപടി നൽകി. സുഗമമായ ഗതാഗതം ഉറപ്പാക്കിയശേഷമേ ടോള്‍ പിരിക്കാവുവെന്ന സുപ്രീംകോടതി ഉത്തരവും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
Kerala
ന്യൂഡല്‍ഹി: ശബരിമല സ്വര്‍ണപ്പാളി വിവാദത്തിൽ വീണ്ടും പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. സംഭവത്തിൽ നടന്ന ഗൂഢാലോചന അന്വേഷണത്തിൽ പുറത്തുവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആഗോള അയ്യപ്പസംഗമം മറ്റൊരു തരത്തിൽ വഴിതിരിച്ചുവിടാനായിരുന്നു നീക്കം. ആർക്കൊക്കെ ഗൂഢാലോചനയിൽ പങ്കുണ്ട് എന്നതെല്ലാം അന്വേഷിക്കപ്പെടുമെന്നും മുഖ്യമന്ത്രി ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ശബരിമലയില്‍ എന്താണോ ക്രമക്കേട് ഉണ്ടായിട്ടുള്ളത് അതിന്മേലുള്ള കാര്യങ്ങള്‍ അന്വേഷിക്കാനാണ് പ്രത്യേക അന്വേഷണസംഘത്തെ നിയമിച്ചിട്ടുള്ളത്. ആർക്കെല്ലാം വീഴ്ചകൾ സംഭവിച്ചു എന്നത് കൃത്യമായി അന്വേഷിക്കും. കുറ്റവാളികളുണ്ടെങ്കിൽ അവരെല്ലാം നിയമത്തിന്റെ കരങ്ങളിൽപ്പെടും. ആവശ്യമായ ശിക്ഷ അവർക്ക് ഉറപ്പാക്കും.
ഹൈക്കോടതിക്ക് എല്ലാ സഹായവും ദേവസ്വം വകുപ്പും ബോര്‍ഡും നല്‍കും.സർക്കാർ ആവശ്യമായ എല്ലാ പിന്തുണയും നല്കി കഴിഞ്ഞു. ഇക്കാര്യത്തില്‍ സർക്കാരിനും ഹൈക്കോടതിക്കും ഒരേ കാഴ്ചപ്പാടാണെന്നും അദ്ദേഹം പറഞ്ഞു.
വിഷയത്തില്‍ ദേവസ്വം ബോര്‍ഡിന് വീഴ്ചയുണ്ടായെന്നത് എന്നത് ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ആര്‍ക്കെങ്കിലും വീഴ്ചയുണ്ടോ എന്നത് ഒരു പ്രസ്താവനയിലൂടെ വ്യക്തമാക്കേണ്ടതല്ല. അന്വേഷണത്തിലൂടെ ആര്‍ക്കൊക്കെ വീഴ്ചയുണ്ടായി എന്നത് കണ്ടെത്തും. വിഷയം ശ്രദ്ധയില്‍ പെട്ട ഉടനെ നടപടി തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വ്യക്തമായ ഗൂഡലോചനയുടെ ഭാഗമായാണ് ഇതൊക്കെ നടന്നത്. അയ്യപ്പ ആഗോള സംഗമത്തെ മറ്റൊരു തലത്തിൽ എത്തിക്കുവാൻ ആണ് ആരോപണങ്ങൾ ഉന്നയിച്ചത്. ഉണ്ണികൃഷ്ണൻ പോറ്റിയെ പോലുള്ള അവതാരങ്ങൾ പലയിടത്തും ഉണ്ടാകും.ശ്രദ്ധിച്ചിരിക്കുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ചില കാര്യങ്ങൾ കാണാനില്ലെന്ന് ഉണ്ണികൃഷ്ണൻ പോറ്റി ഒരു ദിവസം വെളിപ്പെടുത്തൽ നടത്തുകയാണ്. അതിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് അന്വേഷണം നടത്തിയത്. ശബരിമലയിലെ പീഠം അവിടുന്ന് മാറ്റിയെന്നും ഉണ്ണികൃഷ്ണൻ പോറ്റിയുടെ ബന്ധുവീട്ടിൽ എത്തിയെന്നും അങ്ങനെയാണ് കണ്ടെത്തിയത്. വ്യക്തമായ ഗൂഢാലോചനയുടെ ഭാഗമായി നടന്ന കാര്യങ്ങളാണിത്.
ആ ഘട്ടത്തിൽ നടന്ന ആഗോള അയ്യപ്പ സംഗമത്തെ മറ്റൊരുതരത്തിലേക്ക് എത്തിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് ഈ ആരോപണങ്ങൾ വന്നത്. അയ്യപ്പസംഗമം നടക്കാൻ പാടില്ലെന്ന് തീരുമാനിച്ചവരുണ്ട്. അവർ ബദൽ സംഗമം നടത്താനും തീരുമാനിച്ചു. അവർക്കൊക്കെയുള്ള പങ്ക് എന്താണെന്ന് അന്വേഷിക്കേണ്ടിവരും. ആരൊക്കെ നേരിട്ടും പുറത്തുനിന്നും സഹായിച്ചു എന്നത് അന്വേഷണം കൃത്യമായി പോകുമ്പോൾ തെളിയും. അവരെല്ലാം പിടിക്കപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Kerala
കൊച്ചി: ശബരിമല സ്വര്‍ണപ്പാളി വിഷയത്തിൽ സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം വേണമെന്ന് ഹൈക്കോടതി. സംസ്ഥാന പോലീസ് മേധാവിയെ കേസില്‍ കക്ഷി ചേര്‍ത്തു. രണ്ടാഴ്ചയിലൊരിക്കല്‍ അന്വേഷണ പുരോഗതി അറിയിക്കണമെന്നും ആറാഴ്ചയ്ക്കുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
അന്വേഷണം അതീവ രഹസ്യമായിരിക്കണം. അന്വേഷണവുമായി ബന്ധപ്പെട്ട ഒരു വിവരങ്ങളും പുറത്തുപോകരുത്. മുദ്രവച്ച് കവറില്‍ പ്രത്യേക അന്വേഷണ സംഘം കോടതിക്ക് നേരിട്ട് കൈമാറണമെന്നും ഹൈക്കോടതി ഡിവിഷന് ബെഞ്ച് ഇടക്കാല ഉത്തരവില്‍ നിര്‍ദേശിച്ചു. ദേവസ്വം വിജിലൻസ് സമര്‍പ്പിച്ച അന്തിമ റിപ്പോർട്ട് പരിഗണിച്ച ശേഷമാണ് കോടതിയുടെ നടപടി.
അന്വേഷണവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം കോടതിയോട് മാത്രം കാര്യങ്ങള്‍ ബോധിപ്പിച്ചാല്‍ മതി. മറ്റാരോടും അന്വേഷണ വിവരം വെളിപ്പെടുത്തേണ്ടതില്ല. ശബരിമല വിഷയത്തില്‍ ഉണ്ണികൃഷ്ണന് പോറ്റി മാധ്യമങ്ങളോട് സംസാരിക്കരുതെന്നും ഹൈക്കോടതി ഉത്തരവിട്ടു.
സ്വർണപ്പാളിയിൽ 474.99 ഗ്രാം സ്വർണത്തിന്റെ ക്രമക്കേട് നടന്നുവെന്ന് കോടതി നിരീക്ഷിച്ചു. സ്വര്‍ണം കവര്‍ന്ന യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്തണം. കേസില്‍ നിലവില്‍ പിടിച്ചെടുത്ത രേഖകള്‍ രജിസ്ട്രാറുടെ പക്കല്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
ശബരിമലയില്‍ വിജയ് മല്യ സ്വര്‍ണം പൊതിഞ്ഞ സ്വര്‍ണപ്പാളികള്‍ 2019 ല്‍ സ്വര്‍ണം പൂശാനായി ഉണ്ണികൃഷ്ണന് പോറ്റിക്ക് നല്കിയ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നടപടി സംശയാസ്പദമാണെന്നും ഹൈക്കോടതി വിലയിരുത്തി.
സ്വർണപ്പാളി കാണാതായ സംഭവത്തിൽ ദേവസ്വം വിജിലൻസ് സംഘം ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ചീഫ് വിജിലൻസ് ആൻഡ് സെക്യൂരിറ്റി ഓഫിസർ ഹൈക്കോടതിയിൽ നേരിട്ടു ഹാജരായാണ് മുദ്രവച്ച കവറിൽ റിപ്പോർട്ട് കൈമാറിയത്.
എസ്ഐടിയിലെ അന്വേഷണ ഉദ്യോഗസ്ഥനായ പോലീസ് ട്രെയിനിംഗ് കോളജ് അസി. ഡയറക്ടർ എസ്.ശശിധരൻ ജസ്റ്റീസുമാരായ രാജാ വിജയരാഘവൻ, കെ.വി.ജയകുമാർ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ചിനു മുമ്പാകെ ഹാജരായി.
റിപ്പോർട്ട് ശബരിമലയിലെ സ്വർണക്കൊള്ള അന്വേഷണത്തിനായി രൂപീകരിച്ച പ്രത്യേകാന്വേഷണ സംഘത്തിന് (എസ്ഐടി) ഇന്നു തന്നെ കൈമാറുമെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.
Kerala
കൊച്ചി: ശബരിമലയിൽ സ്വർണപ്പാളി കാണാതായ സംഭവത്തിൽ ദേവസ്വം വിജിലൻസ് സംഘം ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ചീഫ് വിജിലൻസ് ആൻഡ് സെക്യൂരിറ്റി ഓഫിസർ ഹൈക്കോടതിയിൽ നേരിട്ടു ഹാജരായാണ് മുദ്രവച്ച കവറിൽ റിപ്പോർട്ട് കൈമാറിയിരിക്കുന്നത്.
ശബരിമലയിലെ സ്വര്‍ണപ്പാളി കടത്തലില് വന്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് ദേവസ്വം വിജിലന്‍സിന്റെ കണ്ടെത്തല്‍. സ്വര്‍ണപ്പാളി കടത്താന്‍ 2017 മുതല്‍ ഗൂഢാലോചന നടന്നു. 1998 ല്‍ വിജയ് മല്യ ശബരിമല ശ്രീകോവിലിൽ സ്വര്‍ണം പൊതിഞ്ഞത് 24 കാരറ്റ് സ്വര്‍ണം ഉപയോഗിച്ചാണ്. കുടാതെ ദ്വാരപാലകശില്‍പ്പങ്ങളില്‍ ഉള്‍പ്പെടെ അന്ന് സ്വര്‍ണം പൊതിഞ്ഞിരുന്നുവെന്നാണ് ദേവസ്വം വിജിലന്‍സ് കണ്ടെത്തിയിരിക്കുന്നത്.
സ്വര്‍ണപ്പാളി മോഷണം നടന്നെന്നും കേസെടുത്ത് അന്വേഷിക്കണമെന്നുമാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. സ്വര്‍ണം പൂശാനായി ചെന്നൈയില്‍ എത്തിച്ചത് പുതിയ ചെമ്പ് പാളിയായിരുന്നുവെന്നാണ് സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരി വിജിലന്‍സിനു നല്കിയ മൊഴി. അവിടെ എത്തിച്ച ചെമ്പുപാളിക്ക് കാലപ്പഴക്കം ഇല്ലായിരുന്നുവെന്നും സിഇഒയുടെ മൊഴിയിലുണ്ട്.
ശബരിമലയില്‍ നിന്ന് ഇളക്കിയ സ്വര്‍ണ്ണപ്പാളികള്‍ ചെന്നൈയില്‍ എത്തിക്കുന്നതിനു മുന്‍പ് മറിച്ചു വിറ്റ ശേഷം പുതിയ ചെമ്പുപാളിയില്‍ സ്വര്‍ണം പൂശി വാങ്ങിവന്നതാകാമെന്നാണ് വിജിലന്‍സിന്റെ നിഗമനം.
സ്വര്‍ണപ്പാളി കടത്തിനു പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്നും ദേവസ്വം ബോര്‍ഡിലെ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് ഇതില്‍ പങ്കുണ്ടെന്നും കേസെടുത്ത് അന്വേഷണം നടത്തണമെന്നുമാണ് വിജിലന്‍സ് സംഘം കോടതിയില്‍ നല്കുന്ന റിപ്പോര്‍ട്ട്. അന്തിമ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ച ശേഷം പ്രത്യേക അന്വേഷണ സംഘം കേസെടുക്കും.
കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തലവന് ക്രമസമാധാനചുമതലയുള്ള എഡിജിപി. എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള സംഘം ദേവസ്വം വിജിലന്‍സില്‍ നിന്നു കഴിഞ്ഞ ദിവസം വിവരശേഖരണം നടത്തിയിരുന്നു.
എസ്ഐടിയിലെ അന്വേഷണ ഉദ്യോഗസ്ഥനായ പോലീസ് ട്രെയിനിംഗ് കോളജ് അസി. ഡയറക്ടർ എസ്.ശശിധരൻ ജസ്റ്റീസുമാരായ രാജാ വിജയരാഘവൻ, കെ.വി.ജയകുമാർ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ചിനു മുമ്പാകെ ഹാജരായി.
റിപ്പോർട്ട് ശബരിമലയിലെ സ്വർണക്കൊള്ള അന്വേഷണത്തിനായി രൂപീകരിച്ച പ്രത്യേകാന്വേഷണ സംഘത്തിന് (എസ്ഐടി) ഇന്നു തന്നെ കൈമാറുമെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.
Kerala
കൊച്ചി: വയനാട് മുണ്ടക്കൈ-ചൂരൽമല ദുരന്ത ബാധിതരുടെ ബാങ്ക് വായ്പ എഴുതിത്തള്ളില്ലെന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരേ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. കാരുണ്യമല്ല തേടുന്നതെന്നും ചിറ്റമ്മ നയം വേണ്ടെന്നും കേന്ദ്രത്തോട് ഹൈക്കോടതി പറഞ്ഞു. കേരളത്തെ സഹായിക്കാൻ താത്പര്യമില്ലെങ്കിൽ അക്കാര്യം തുറന്ന് പറയണമെന്നും ഹൈക്കോടതി ആഞ്ഞടിച്ചു.
മുണ്ടക്കൈ- ചൂരൽമല ദുരന്തവുമായി ബന്ധപ്പെട്ട് സ്വമേധയാ സ്വീകരിച്ച ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. ബാങ്ക് വായ്പ എഴുതിത്തള്ളാൻ നിയമത്തിൽ വ്യവസ്ഥയില്ലെന്നും വായ്പ എഴുതിത്തള്ളൽ കേന്ദ്രത്തിന്റെ അധികാര പരിധിക്ക് പുറത്തുള്ള കാര്യമാണെന്നും കാണിച്ച് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാംഗ്മൂലത്തിനെതിരെയാണ് വിമർശനം.
വായ്പകള്‍ എഴുതിത്തള്ളുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്ന് അറിയിച്ച കേന്ദ്ര സര്‍ക്കാരിന്റെ മറുപടിയോട് ‘ഫന്റാസ്റ്റിക്’ എന്നാണ് പരിഹാസ രൂപേണ ഹൈക്കോടതി പ്രതികരിച്ചത്. കേന്ദ്ര സർക്കാരിന് അധികാരമില്ലെന്ന് പറയാനാവില്ലെന്ന് ആവർത്തിച്ച ഹൈക്കോടതി, വായ്പ എഴുതിത്തള്ളാൻ മനസുണ്ടോയെന്നതാണ് പ്രശ്നമെന്നും എഴുതിത്തള്ളാനാവില്ലെന്ന് കേന്ദ്രത്തിന് പറയാനാവില്ലെന്നും പറഞ്ഞു.
വായ്പ എഴുതിതള്ളുന്നതിന് ഭരണഘടനയിൽ വ്യവസ്ഥയുണ്ടെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ആരെയാണ് നിങ്ങൾ വിഡ്ഢികളാക്കാൻ ശ്രമിക്കുന്നത്. ഭരണഘടന വായിച്ചിട്ട് വരൂവെന്നും ഉദ്യോഗസ്ഥർ ഭരണഘടന വായിച്ചിട്ടില്ലേ എന്നും കോടതി ചോദിച്ചു.
ഗുജറാത്ത്, രാജസ്ഥാൻ ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾക്ക് കേന്ദ്രം സഹായം നൽകി. സഹായിക്കാൻ തയാറല്ലെങ്കിൽ അത് ജനങ്ങളോട് പറയൂ. കാരുണ്യമല്ല തേടുന്നതെന്നും കേന്ദ്രത്തോട് ഹൈക്കോടതി പറഞ്ഞു.
കേന്ദ്ര സർക്കാർ നിലപാട് അങ്ങേറ്റയറ്റം അസ്വസ്ഥതപ്പെടുത്തുന്നതെന്നു പറഞ്ഞ കോടതി കേന്ദ്രസർക്കാർ പരിധിയിലുള്ള ബാങ്കുകളുടെ വിവരങ്ങൾ കൈമാറാൻ നിർദേശിച്ചു. ഇത് ഒന്നിന്റെയും അവസാനമല്ലെന്ന് പറഞ്ഞ ഹൈക്കോടതി, ഇതാണ് മനോഭാവമെങ്കിൽ കടുത്ത നിലപാട് സ്വീകരിക്കുമെന്നും കേന്ദ്ര സർക്കാരിന് മുന്നറിയിപ്പ് നൽകി.
ഇതിനുശേഷം ബാങ്കുകളുടെ വായ്പ ഈടാക്കൽ നടപടികൾ ഹൈക്കോടതി താത്കാലികമായി സ്റ്റേ ചെയ്തു, ദുരിതബാധിതർക്കെതിരായ വായ്പ വീണ്ടെടുപ്പ് നടപടികൾക്ക് വിലക്കേർപ്പെടുത്തി. ബാങ്കുകളെ കേസിൽ കക്ഷികളായി ചേർക്കാനും വായ്പ എഴുതിത്തള്ളൽ സംബന്ധിച്ച തങ്ങളുടെ നിലപാട് കോടതിയെ അറിയിക്കാനും ഹൈക്കോടതി നിർദേശിച്ചു. ജസ്റ്റീസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റീസ് ജോബിന് സെബാസ്റ്റ്യന്‍ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
മുണ്ടക്കൈ - ചൂരൽമല ദുരന്ത ബാധിതരുടെ ബാങ്ക് വായ്പ എഴുതിത്തള്ളാൻ നിയമത്തിൽ വ്യവസ്ഥയില്ലെന്നും കേന്ദ്രത്തിന്റെ അധികാര പരിധിക്ക് പുറത്തുള്ള കാര്യമാണെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാംഗ്മൂലത്തിൽ പറയുന്നത്.
പൊതുമേഖലാ ബാങ്കുകൾക്ക് കേന്ദ്ര ധനകാര്യമന്ത്രാലയം നയ- നിർദേശങ്ങൾ മാത്രമാണ് നൽകുന്നത്. തീരുമാനമെടുക്കേണ്ടത് അതത് ബാങ്കുകളുടെ ഡയറക്ടർ ബോർഡാണ്. ബാങ്കുകൾ സ്വതന്ത്ര സംവിധാനമാണെന്നും കേന്ദ്രം സത്യവാംഗ്മൂലത്തിൽ വ്യക്തമാക്കി.
ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളുന്നതില്‍ കേന്ദ്രത്തോട് നിലപാട് അറിയിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. മൂന്നാഴ്ചത്തെ സാവകാശമാണ് കഴിഞ്ഞ തവണ ഹൈക്കോടതി ഈ ഈ കേസ് പരിഗണിച്ചപ്പോള്‍ കേന്ദ്രം ആവശ്യപ്പെട്ടത്.
Kerala
കൊച്ചി: വയനാട് മുണ്ടക്കൈ - ചൂരൽമല ദുരന്ത ബാധിതരുടെ ബാങ്ക് വായ്പ എഴുതിത്തള്ളാൻ നിയമത്തിൽ വ്യവസ്ഥയില്ലെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ. വായ്പ എഴുതിത്തള്ളൽ കേന്ദ്രത്തിന്റെ അധികാര പരിധിക്ക് പുറത്തുള്ള കാര്യമാണെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാംഗ്മൂലത്തിൽ പറയുന്നത്.
മുണ്ടക്കൈ- ചൂരൽമല ദുരന്തവുമായി ബന്ധപ്പെട്ട് സ്വമേധയാ സ്വീകരിച്ച ഹർജി ഇന്ന് ഹൈക്കോടതിയുടെ പരിധിയിൽ വരാനിരിക്കെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സത്യവാംഗ്മൂലം സമർപ്പിച്ചത്.
പൊതുമേഖലാ ബാങ്കുകൾക്ക് കേന്ദ്ര ധനകാര്യമന്ത്രാലയം നയ- നിർദേശങ്ങൾ മാത്രമാണ് നൽകുന്നത്. തീരുമാനമെടുക്കേണ്ടത് അതത് ബാങ്കുകളുടെ ഡയറക്ടർ ബോർഡാണ്. ബാങ്കുകൾ സ്വതന്ത്ര സംവിധാനമാണെന്നും കേന്ദ്രം സത്യവാംഗ്മൂലത്തിൽ വ്യക്തമാക്കി.
ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളുന്നതില്‍ കേന്ദ്രത്തോട് നിലപാട് അറിയിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. മൂന്നാഴ്ചത്തെ സാവകാശമാണ് കഴിഞ്ഞ തവണ ഹൈക്കോടതി ഈ ഈ കേസ് പരിഗണിച്ചപ്പോള്‍ കേന്ദ്രം ആവശ്യപ്പെട്ടത്.
അതേസമയം, മുണ്ടക്കൈ -ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്നു വീണ്ടും പരിഗണിക്കും. ജസ്റ്റീസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റീസ് ജോബിന് സെബാസ്റ്റ്യന്‍ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക.
കഴിഞ്ഞ തവണ കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞത് ഡിസാസ്റ്റര്‍ മാനേജ്മെന്റുമായി ബന്ധപ്പെട്ടിട്ടുള്ള ചില ചട്ടങ്ങള്‍ ഭേദഗതിപ്പെടുത്തിയത് കൊണ്ട് വായ്പകള്‍ എഴുതി തള്ളുക എന്നുള്ളത് പ്രയാസമുള്ള കാര്യമായിരിക്കും എന്നാണ്.
അതേസമയം കേന്ദ്രം സഹായിക്കുന്നില്ല എന്നുണ്ടെങ്കില്‍ അക്കാര്യത്തില്‍ കൃത്യമായ ഇടപെടല്‍ ഉണ്ടാകും എന്ന് റവന്യൂ മന്ത്രി അടക്കം വ്യക്തമാക്കിയിട്ടുണ്ട്.
Kerala
കൊച്ചി: പാലിയേക്കരയിലെ ടോള്‍ പിരിവിനുള്ള വിലക്ക് വെള്ളിയാഴ്ച വരെ നീട്ടി ഹൈക്കോടതി. നിരക്ക് കുറച്ചുകൂടേയെന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. വെള്ളിയാഴ്ച ഹര്‍ജി വീണ്ടും പരിഗണിക്കും.
ദേശീയപാതയുടെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന ഭാഗങ്ങളിൽ രൂക്ഷമായ ഗതാഗതക്കുരുക്കും സുരക്ഷാ പ്രശ്നങ്ങളും ഒരു മാറ്റവുമില്ലാതെ തുടരുന്നു എന്ന് തൃശൂർ ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള ഇടക്കാല ഗതാഗത മാനേജ്മെന്റ് സമിതി കോടതിയെ അറിയിച്ചു. വാഹനങ്ങൾ കടന്നുപോകുന്ന സ്ഥലങ്ങളില്‍ വേണ്ടത്ര മുന്നറിയിപ്പ് ബോർഡുകളോ അപകടമുണ്ടാകുന്നത് തടയുന്നതിനുള്ള സംവിധാനങ്ങളോ ഇല്ല. നാലുവരിപ്പാതയിൽ നിന്ന് ഒറ്റവരിയിലേക്ക് വാഹനങ്ങൾ വന്നുകയറുന്നതോടെ രൂക്ഷമായ ഗതാഗതക്കുരുക്കാണ് ഈ മേഖലയിലുള്ളതെന്നും കളക്ടറുടെ റിപ്പോർട്ടിൽ പറയുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റീസുമാരായ എ. മുഹമ്മദ് മുഷ്താഖ്, ഹരിശങ്കര്‍ വി. മേനോൻ എന്നിവരുടെ ബെഞ്ച് ടോൾ പിരിവ് നിരോധനം നീട്ടിയത്. ഇക്കാര്യത്തിലും ഒപ്പം ടോൾ നിരക്ക് കൂട്ടിയ നടപടിയിലും എന്തു നടപടി സ്വീകരിക്കുമെന്ന് അറിയിക്കാൻ കേന്ദ്ര സർക്കാരിനോടും കോടതി നിർദേശിച്ചിട്ടുണ്ട്.
കരാറുകാരുടെ കാര്യത്തിൽ മാത്രമേ ദേശീയപാത അതോറിറ്റിക്ക് ഉത്കണ്ഠയുള്ളോ എന്നു കോടതി ചോദ്യമുന്നയിച്ചു. ഇക്കാര്യത്തിൽ യാത്രക്കാരുടെ കാര്യവും പരിഗണിക്കേണ്ടതുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഹൈക്കോടതിയുടെ തീരുമാനം സ്വാഗതാർഹമെന്ന് പരാതിക്കാരനായ ഷാജി കോടംകണ്ടത്ത് പ്രതികരിച്ചു. സർവീസ് റോഡുകൾ പൂർണമാക്കാതെ ടോൾ പിരിക്കാൻ കമ്പനിക്ക് അവകാശമില്ലെന്നും അദ്ദേഹം വ്യക്തമാക്കി
മേഖലയിലെ അടിപ്പാതകളുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് അനുഭവപ്പെടുന്ന കനത്ത ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ ദേശീയപാത അതോറിറ്റി പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി ഓഗസ്റ്റ് ആറിനാണ് ഹൈക്കോടതി മണ്ണുത്തി-ഇടപ്പള്ളി ദേശീയപാത 544-ലെ പാലിയേക്കര ടോള്‍ പിരിവ് തടഞ്ഞത്.
ആദ്യം നാലാഴ്ചത്തേക്കാണ് ടോള്‍ പിരിവ് സ്റ്റേ ചെയ്തതെങ്കിലും പിന്നീട് പല ഘട്ടങ്ങളിലായി നീട്ടുകയായിരുന്നു. ദേശീയപാതാഅഥോറിറ്റി ടോള്‍ പിരിവ് പുനഃസ്ഥാപിക്കണമെന്ന് പല തവണ ആവശ്യപ്പെട്ടിരുന്നെങ്കിലും ഹൈക്കോടതി അനുവദിച്ചിരുന്നില്ല.
Kerala
കൊച്ചി: ശബരിമല സ്വർണപ്പാളി വിവാദത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ഹൈക്കോടതി. എഡിജിപി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തെയാണ് ഹൈക്കോടതി നിയോഗിച്ചത്.
ശബരിമല ക്ഷേത്രം ശ്രീകോവിലിനു മുന്പിലെ ദ്വാരപാലക ശില്പത്തിലെ സ്വര്‍ണം പൂശലുമായി ബന്ധപ്പെട്ട വിവാദത്തിനിടെ ദേവസ്വം ബോർഡിലെ ചില മുൻ ഉദ്യോഗസ്ഥർ നടത്തിയ വെളിപ്പെടുത്തലുകൾ നിർണായകമായത്. 2019ല്‍ 14 ചെമ്പുപാളികളാണ് സ്വര്‍ണം പൂശാന്‍ നല്‍കിയതെന്ന കരാറുകാരന്റെ മൊഴിയാണ് വിവാദമായത്.
ദാരുശില്പത്തില്നിന്ന് അറ്റകുറ്റപ്പണികള്‍ക്കായി പാളികള്‍ ഇളക്കിയെടുത്തപ്പോള്‍ ദേവസ്വം മഹസറില്‍ ചെമ്പ് പാളികളാണെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതു ശരിയല്ലെന്നും സ്വർണപ്പാളികൾ തന്നെയാണ് കൊടുത്തുവിട്ടതെന്നും അന്ന് ശബരിമലയുടെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയിരുന്നു.
42.8 കിലോഗ്രാം തൂക്കമുണ്ടായിരുന്ന പാളികള്‍ തിരികെ എത്തിയപ്പോള്‍ 4.41 കിലോഗ്രാം കുറഞ്ഞുവെന്നാണ് പറയുന്നത്. ദേവസ്വം പ്രതിനിധി പോലുമില്ലാതെയാണ് കരാറുകാരനായ ഉണ്ണിക്കൃഷ്ണൻ പാളികളുമായി ചെന്നൈയിലേക്ക് പോയത്.
39 ദിവസങ്ങൾക്കുശേഷമാണ് ഈ പാളികൾ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻ എന്ന സ്ഥാപനത്തിലെത്തിയത്. തങ്ങൾക്കു ലഭിച്ചത് ചെന്പുപാളികളാണെന്നും അതിൽ സ്വർണം പൂശുക മാത്രമാണ് ചെയ്തിരിക്കുന്നതെന്നും സ്ഥാപനം വിശദീകരിച്ചിട്ടുണ്ട്.
ഇത് ദേവസ്വം ബോര്‍ഡ് രേഖപ്പെടുത്തിയിട്ടുമുണ്ട്. ദ്വാരപാലക പാളികള്‍ സ്വര്‍ണം പൂശാനായി പുറത്തു കൊണ്ടുപോയത് ആരുടെ അനുമതിയോടെയെന്നും വ്യക്തമല്ല. ദേവസ്വം ചട്ടപ്രകാരം ഇതു സാധ്യമല്ല. ഇക്കാര്യം മുൻ ദേവസ്വം ബോർഡ് പ്രസിഡന്റുമാരും സാക്ഷ്യപ്പെടുത്തുന്നു.
പാളികള്‍ക്ക് 40 വര്‍ഷം വാറന്റിയുള്ളതാണെന്നും ചെന്നൈയില്‍ സ്വര്‍ണ പൂശിയ സ്ഥാപനംതന്നെ ഇതു ശരിയാക്കി നല്‍കുമെന്നും ഉണ്ണിക്കൃഷ്ണന് പോറ്റി പറഞ്ഞതു പ്രകാരമാണ് കൊടുത്തുവിട്ടതെന്നാണ് ദേവസ്വം ബോര്‍ഡിന്റെ നിലപാട്.
ഇതോടെയാണ് അന്വേഷണം ഹൈക്കോടതി പ്രത്യേക സംഘത്തെ നിയോഗിച്ചത്. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായി ദേവസ്വംമന്ത്രി വി.എൻ.വാസവൻ പറഞ്ഞു.
Kerala
കൊച്ചി: ശബരിമല സ്വര്‍ണപാളി വിവാദത്തില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. ചീഫ് വിജിലൻസ് ഓഫീസർ വിശദമായി അന്വേഷിക്കണമെന്നും വിരമിച്ച ജില്ലാ ജഡ്ജി അന്വേഷണത്തിന് നേതൃത്വം നൽകണമെന്നുമാണ് ഹൈക്കോടതിയുടെ നിര്‍ദേശം.
സന്നിധാനത്തെ കാര്യങ്ങളിൽ സമഗ്രമായ പരിശോധന ആവശ്യമാണെന്ന് കോടതി നിരീക്ഷിച്ചു. ദ്വാരപാലക ശില്പത്തിന്റെ സ്വര്‍ണപ്പാളിയില്‍ സ്വർണം പൂശിയതിലടക്കം വലിയ സംശയങ്ങളും ആശയങ്ങളും നിലനിൽക്കുന്നെന്ന് ചൂണ്ടിക്കാട്ടിയ കോടതി, വിശദമായ അന്വേഷണത്തിന് നിർദേശിക്കുകയായിരുന്നു.
അന്വേഷണത്തിന് രഹസ്യ സ്വഭാവം വേണമെന്നും അന്വേഷണ വിവരങ്ങള്‍ ആര്‍ക്കും കൈമാറരുതെന്നും കോടതി നിര്‍ദ്ദേശിച്ചു. ജില്ലാ ജഡ്ജി റാങ്കില്‍ കുറയാത്ത ആളാകണം അന്വേഷണം നടത്തേണ്ടത്. അതിന് ദേവസ്വം ബോര്‍ഡിന് പേര് ശിപാര്‍ശ ചെയ്യാം. എന്നാല്‍ കോടതിയാകും അന്വേഷണ കമ്മീഷനെ നിശ്ചയിക്കുക.
സ്വതന്ത്രവും സത്യസന്ധവുമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കണം. ദേവസ്വം ബോര്‍ഡ് അടക്കം ആരുമായും അന്വേഷണത്തിലെ വിവരങ്ങള്‍ കൈമാറരുത്. രഹസ്യസ്വഭാവത്തിലുള്ള റിപ്പോര്‍ട്ട് കോടതിക്ക് നേരിട്ട് സമര്‍പ്പിക്കാനും ജസ്റ്റീസുമാരായ രാജ വിജയരാഘവന്, കെ.വി. ജയകുമാര്‍ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
സ്ട്രോംഗ് റൂമിലെ വസ്തുക്കളുടെ കണക്കെടുക്കണം, തിരുവാഭരണം രജിസ്റ്റര്‍ ഉള്‍പ്പടെ പരിശോധിക്കണം, ദേവസ്വത്തിന്റെ ഭാഗത്ത് പിഴവുണ്ടെങ്കില്‍ പറയണമെന്നും കോടതി നിര്‍ദേശിക്കുന്നു. കേസ് ഒക്ടോബർ 15ന് വീണ്ടും പരിഗണിക്കും.
Kerala
കൊച്ചി: ശബരിമലയിലെ സ്വർണപ്പാളി കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റീസുമാരായ രാജ വിജയരാഘവൻ, കെ.വി. ജയകുമാർ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ആണ് കേസ് പരിഗണിക്കുന്നത്.
ശ്രീകോവിലിലെ ദ്വാരകപാലക ശിൽപം പൊതിഞ്ഞ സ്വർണപ്പാളികളുടെ ഭാരം നാലു കിലോയോളം കുറഞ്ഞത് അടക്കമുള്ള വിഷയങ്ങളിൽ ദേവസ്വത്തിന്റെ വിശദീകരണം ഇന്ന് കോടതിയെ അറിയിക്കും.
നേരത്തെ ഹർജി പരിഗണിച്ച കോടതി സ്വർണപ്പാളികളുടെ ഭാരം കുറഞ്ഞതിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. കോടതി അനുമതിയില്ലാതെ സ്വര്‍ണ്ണപാളി ഇളക്കിയെന്നാണ് സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ട്.
കോടതിയുടെ അനുമതിയോടെ മാത്രമേ സന്നിധാനത്ത് സ്വർണപ്പണികൾ നടത്താൻ പാടുള്ളുവെന്ന ഹൈക്കോടതി നിർദേശം പാലിക്കാത്തത് ഗുരുതര വീഴ്ചയാണെന്ന് വ്യക്തമാക്കി കമ്മീഷണർ ഹൈക്കോടതിക്ക് റിപ്പോർട്ടും നൽകിയിരുന്നു.
എന്നാല്‍ സ്വർണ്ണപാളി ഇളക്കി മാറ്റിയത് അറ്റകുറ്റപ്പണിക്ക് വേണ്ടിയാണെന്നും നടപടികളിൽ പിഴവുകൾ ഉണ്ടായിട്ടില്ലെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പ്രതികരിച്ചിരുന്നു.
Kerala
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ കേന്ദ്ര ഏജന്‍സികളുടെ ഗൂഢാലോചന അന്വേഷിക്കാനുള്ള ജുഡീഷല്‍ കമ്മീഷൻ നിയമനത്തിൽ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. ജുഡീഷല്‍ കമ്മീഷന് പ്രവര്‍ത്തനം സ്റ്റേ ചെയ്ത സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി.
ഇഡി അന്വേഷണത്തിനെതിരെ സര്‍ക്കാരിന് ജുഡീഷല്‍ കമ്മീഷനെ നിയമിക്കാനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കേന്ദ്രസര്‍ക്കാരിന് കീഴിലെ ഒരു വകുപ്പ് മാത്രമാണ് ഇഡിയെന്നും, സര്‍ക്കാരിനെതിരെ ഹര്‍ജി നല്കാന് ഇഡിക്ക് കഴിയില്ലെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ വാദിച്ചത്. എന്നാൽ ജുഡീഷൽ കമ്മീഷനെതിരെ ഇഡിക്ക് കോടതിയിൽ ഹർജി നൽകാവുന്നതാണെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
മുഖ്യമന്ത്രി, സ്പീക്കര്‍, ഉള്‍പ്പടെയുള്ളവരെ സ്വര്‍ണക്കടത്ത് കേസില്‍ ബന്ധപ്പെടുത്താന്‍ ഗൂഢാലോചന നടന്നോ എന്ന് അന്വേഷിക്കാനാണ് ജസ്റ്റീസ് വി.കെ. മോഹനന് അധ്യക്ഷനായ കമ്മീഷനെ സര്‍ക്കാര്‍ നിയോഗിച്ചത്. സ്വപ്ന സുരേഷിന്റെ ശബ്ദ സന്ദേശം പുറത്തുവന്നതിന് പിന്നാലെയായിരുന്നു സര്‍ക്കാര്‍ ജുഡീഷല്‍ കമ്മീഷനെ നിയോഗിച്ചത്.
Kerala
കൊച്ചി: പാലിയേക്കരയിലെ ടോള്‍ പിരിവ് പുനരാരംഭിക്കുന്നത് ഹൈക്കോടതി വീണ്ടും നീട്ടി. മുരിങ്ങൂരില്‍ സര്‍വീസ് റോഡ് ഇടിഞ്ഞതില്‍ ജില്ലാ കളക്ടര്‍ ഇന്ന് കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തിൽ ടോൾ പിരിക്കാനുള്ള വിലക്ക് കോടതി ഈ മാസം 30 വരെ നീട്ടിവയ്ക്കാൻ വിധിക്കുകയായിരുന്നു.
കളക്ടറുടെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചശേഷമാണ് കോടതി ഡിവിഷന് ബെഞ്ചിന്റെ തീരുമാനം. വിഷയം ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കും.
ടോള്‍ പുനരാരംഭിക്കുന്നത് സംബന്ധിച്ച് ഇടക്കാല ഉത്തരവ് കഴിഞ്ഞ 22 ന് ഉണ്ടാകുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ ഉത്തരവ് പുറപ്പെടുവിക്കുന്നില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കുകയായിരുന്നു. ടോള്‍ പിരിവ് പുനരാരംഭിക്കുന്നതിലെ ഉത്തരവ് ഹൈക്കോടതി ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
ചില വ്യവസ്ഥകളോടെ ടോള്‍ പുനരാരംഭിക്കുന്നത് അനുവദിക്കാമെന്ന് കോടതി കഴിഞ്ഞ ദിവസം പരാമര്‍ശിച്ചിരുന്നു. ഗതാഗതക്കുരുക്ക് രൂക്ഷമായതിനെത്തുടര്‍ന്ന് ഓഗസ്റ്റ് ആറിനാണ് പാലിയേക്കരയിലെ ടോള്‍ പിരിവ് കോടതി താത്കാലികമായി തടഞ്ഞത്.
Kerala
കൊച്ചി: പാലിയേക്കരയിൽ തിങ്കളാഴ്ച മുതല്‍ വ്യവസ്ഥകളോടെ ടോൾ പിരിവ് പുനരാരംഭിക്കാമെന്ന് നിർദേശം നൽകി ഹൈക്കോടതി. തിങ്കളാഴ്ച കോടതി ഉത്തരവ് പുറത്തിറക്കും. ജസ്റ്റീസുമാരായ എ. മുഹമ്മദ് മുഷ്താഖ്, ഹരിശങ്കർ വി. മേനോൻ എന്നിവരുടെ ബെഞ്ചിന്റെയാണ് തീരുമാനം.
പാലിയേക്കരയിൽ ടോൾ നിരക്ക് പരിഷ്കരിച്ചതു സംബന്ധിച്ച രേഖകൾ ഹാജരാക്കാനും കോടതി നിർദേശിച്ചു. അതേസമയം, പുതുക്കിയ ടോൾ ആയിരിക്കുമോ ഇനി മുതൽ ഈടാക്കുക എന്നത് ഹൈക്കോടതിയുടെ ഉത്തരവിനു ശേഷമേ വ്യക്തമാകൂ.
ടോള്‍ നിലവിലിരുന്ന സമയത്ത് അഭിമുഖീകരിച്ചിരുന്ന ഗതാഗതക്കുരുക്കുള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ ഭാവിയില്‍ ഉണ്ടാകാതിരിക്കാനുള്ള വ്യവസ്ഥകളായിരിക്കും കോടതി മുന്നോട്ടുവയ്ക്കുന്നത് എന്നാണ് വിവരം.
റോഡുകളുടെ അറ്റകുറ്റപ്പണികളും അടിപ്പാതകളുടെ നിര്‍മാണവും ത്വരിതഗതിയില്‍ നടപ്പിലാക്കാനുള്ള വ്യവസ്ഥകള്‍ കോടതിയുടെ ഭാഗത്തുനിന്നുണ്ടായേക്കും. മോണിറ്ററിംഗ് കമ്മിറ്റിയെ നിയമിക്കാനുള്ള തീരുമാനവും ഉണ്ടായേക്കും.
മുന്നൂറ് തൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിലാണെന്നും ടോൾ പിരിക്കാനുള്ള ഉത്തവരവ് അടിയന്തരമായി നല്‍കണമെന്നും വെള്ളിയാഴ്ച കേസ് പരിഗണിച്ചപ്പോൾ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
ഇടപ്പള്ളി-മണ്ണുത്തി ദേശീയപാതയിലെ നിർമാണ പ്രവർത്തനങ്ങൾ മൂലം ഗതാഗത കുരുക്കുണ്ടാകുന്നതിനാൽ ഓഗസ്റ്റ് ആറു മുതൽ പാലിയേക്കരയിൽ ടോൾ പിരിക്കുന്നത് ഹൈക്കോടതി തടഞ്ഞിരുന്നു.
Kerala
തൃശൂർ: പാലിയേക്കരയിൽ ടോൾ വിലക്ക് തുടരും. ടോള്‍ പിരിവ് വിലക്കില്‍ തിങ്കളാഴ്ചയോടെ തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇത് സംബന്ധിച്ച് ഹർജി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. ഇടക്കാല ഉത്തരവ് വേണമോ എന്ന കാര്യമാണ് കോടതി പരിഗണിക്കുക.
വിഷയത്തിൽ ജില്ലാ കളക്ടര്‍ ഇന്നും ഹാജരായി. ഇടക്കാല ഗതാഗത കമ്മറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിശോധിക്കാന്‍ സമയം വേണമെന്ന് കോടതി വ്യക്തമാക്കി.
ഇടപ്പള്ളി- മണ്ണുത്തി പാതയിലെ പ്രശ്നങ്ങൾ പരിഹരിച്ചെന്നും ജോലികള്‍ അതിവേഗം പുരോഗമിക്കുന്നുണ്ടെന്നും ദേശീയപാത അതോറിറ്റി അറിയിച്ചു.
ഇടപ്പള്ളി മണ്ണുത്തി ദേശീയപാതയിലെ ഗതാഗതക്കുരുക്കും പ്രശ്നങ്ങളും ഭാഗികമായി പരിഹരിച്ചുവെന്ന റിപ്പോർട്ടാണ് മോണിറ്ററിംഗ് കമ്മറ്റിയും തൃശൂർ ജില്ലാ കളക്ടറും കഴിഞ്ഞ ദിവസം കോടതിയിൽ സമർപ്പിച്ചത്. എന്നാൽ റിപ്പോർട്ട് അപൂർണമാണെന്ന് കാണിച്ച് വ്യാഴാഴ്ച വരെ ടോൾ പിരിവ് തടഞ്ഞിരുന്നു. തുടർന്നാണ് ഇന്ന് വീണ്ടും റിപ്പോർട്ട് സമർപ്പിച്ചത്.
Kerala
കൊച്ചി: ശബരിമലയിലെ സ്വർണപ്പാളിയുടെ ഭാരം കുറഞ്ഞതിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. വിജിലൻസിനാണ് അന്വേഷണ ചുമതല. അന്വേഷണം നടത്തി മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് ഹൈക്കോടതി നിർദേശം.
2019ൽ സ്വർണപ്പാളി കൊണ്ടുപോകുന്പോൾ 42 കിലോ ആയിരുന്നു ഭാരം. തിരികെ എത്തിക്കുന്പോൾ നാലു കിലോഗ്രാം ഭാരം കുറഞ്ഞതായാണ് കണ്ടെത്തിയത്. വിചിത്രമായ സംഭവമാണിതെന്നും കോടതി നിരീക്ഷിച്ചു.
മഹസർ രേഖകൾ കോടതി പരിശോധിച്ചു. അന്വേഷണത്തിന് ദേവസ്വം ബോർഡ് സഹകരിക്കണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്. പെട്രോൾ ആണെങ്കിൽ കുറവ് സംഭവിക്കാം ഇത് സ്വർണമല്ലേ എന്നും കോടതി ചോദിച്ചു.
ദ്വാരപാലക ശിൽപങ്ങളുടെ രണ്ട് പീഠങ്ങളുടെയും സ്പെയർ സ്ട്രോംഗ് റൂമിൽ ഉണ്ടോ എന്ന് പരിശോധിക്കണമെന്നും കോടതി ഉത്തരവിട്ടു. ദേവസ്വത്തിനുവേണ്ടി ദേവസ്വം ചീഫ് സെക്യൂരിറ്റി ഓഫീസറാണ് വിവരങ്ങൾ നേരിട്ട് ഹാജരാക്കിയത്.
Kerala
കൊച്ചി: എംഎസ്സി എല്‍സ 3 കപ്പല്‍ മുങ്ങിയതിനെ തുടര്‍ന്നുണ്ടായ പരിസ്ഥിതി നാശത്തിന് 9,531 കോടിയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച അഡ്മിറാലിറ്റി സ്യൂട്ട് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
മുങ്ങിയ കപ്പലില്‍ നിന്ന് എണ്ണ ചോരുകയും കണ്ടെയ്നറുകളിലെ രാസ വസ്തുക്കളടക്കം സമുദ്രത്തില്‍ കലരുകയും ചെയ്തത സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ട നഷ്ടപരിഹാര തുക യാഥാര്‍ഥ്യത്തിന് നിരക്കുന്നതല്ലെന്നാണ് കപ്പല്‍ കമ്പനിയുടെ വാദം.
അപകടം നടന്നിട്ടുള്ളത് സംസ്ഥാന സമുദ്രാതിര്‍ത്തിയില്‍ നിന്ന് 14.5 നോട്ടിക്കല്‍ മൈല്‍ അകലെയായതിനാല്‍ കേരള സര്‍ക്കാറിന് അഡ്മിറാലിറ്റി സ്യൂട്ട് നല്കാന് അധികാരമില്ലെന്നും കമ്പനി വ്യക്തമാക്കി.
കപ്പല്‍ കമ്പനിയുടെ വാദം പൂര്‍ത്തിയായെങ്കിലും മറ്റ് കക്ഷികളുടെ വാദം തുടരാനായി ജസ്റ്റീസ് എം.എ. അബ്ദുല്‍ ഹക്കീം ഹര്‍ജി ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
Kerala
കൊച്ചി: ഇടപ്പള്ളി-മണ്ണുത്തി ദേശീയപാതയിലെ പാലിയേക്കരയിലെ ടോൾ പിരിവിനുള്ള വിലക്ക് നീക്കാതെ ഹൈക്കോടതി. ടോള്‍ പിരിവ് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് തത്കാലം ഹൈക്കോടതി പുനഃപരിശോധിക്കില്ല.
ടോള്‍ പിരിവ് വീണ്ടും ആരംഭിക്കുന്നതിനായി ദേശീയപാത അതോറിറ്റി നൽകിയ ഹര്‍ജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യാഴാഴ്ചയിലേക്ക് മാറ്റിവച്ചു.
പാതയിലെ ഗതാഗത പ്രശ്നവുമായി ബന്ധപ്പെട്ട് കളക്ടറുടെ റിപ്പോര്‍ട്ട് ഹൈക്കോടതി തേടിയിരുന്നു. ഇതില്‍ റോഡിലെ പ്രശ്നങ്ങൾ കണ്ടെത്തിയ 18 ൽ 13 ഇടങ്ങളിലേയും പ്രശ്നങ്ങള്‍ ഏറെക്കുറെ പരിഹരിച്ചുവെന്നാണ് ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാല്‍, ഈ റിപ്പോര്‍ട്ട് പോലും പൂര്‍ണമല്ലെന്നാണ് കോടതി പറഞ്ഞത്.
ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുന്നോട്ട് പോവാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി ഇന്ന് ഉച്ചയ്ക്കകം പുതിയ റിപ്പോര്‍ട്ട് നല്‍കാമോ എന്ന് ചോദിച്ചു. എന്നാൽ കൂടുതൽ സമയം വേണമെന്ന് കളക്ടര്‍ പറഞ്ഞു.
ഇതോടെ പ്രശ്നങ്ങൾ നിസാരമായി എടുക്കരുതെന്നും ജനങ്ങളെ പരീക്ഷിക്കരുതെന്നും കോടതി മുന്നറിയിപ്പ് നല്കി. പൂര്‍ണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചശേഷം ടോള്‍ സംബന്ധിച്ച് ആലോചിക്കാമെന്നും കോടതി അറിയിച്ചു.
Kerala
തൃശൂർ: പാലക്കാട്-മണ്ണുത്തി ദേശീയപാതയിൽ മേൽപാലനിർമാണം നടക്കുന്ന വാണിയംപാറ, കല്ലിടുക്ക്, മുടിക്കോട് ഭാഗങ്ങളിൽ ഗതാഗതക്കുരുക്ക് തുടരുന്ന സാഹചര്യത്തിൽ പന്നിയങ്കരയിലെ ടോൾപിരിവ് താത്കാലികമായി നിർത്തിവയ്പിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ ഷാജി കോടങ്കണ്ടത്ത് ഹൈക്കോടതിയിൽ നൽകിയ ഹർജി ഇന്നു പരിഗണിക്കും.
ഗതാഗതക്കുരുക്കിനു പരിഹാരം കാണുംവരെ ടോൾപിരിവ് നിർത്തിവയ്ക്കണമെന്നാണ് ആവശ്യം. ഗതാഗതക്കുരുക്കുമൂലം തൃശൂർ പാലിയേക്കര ടോൾ പ്ലാസ താത്കാലികമായി അടപ്പിച്ച ഹൈക്കോടതി ഉത്തരവും സുപ്രീംകോടതിയിലെ അപ്പീലിലുണ്ടായ ഉത്തരവും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Kerala
കൊച്ചി: ശബരിമലയിലെ സ്വർണപ്പാളികളുടെ അറ്റകുറ്റപ്പണി നിയമാനുസൃതം തുടരാമെന്ന് ഹൈക്കോടതി. അറ്റകുറ്റപ്പണി എത്രയും വേഗം പൂർത്തിയാക്കി സ്വർണപ്പാളി തിരികെ സന്നിധാനത്തെത്തിക്കണമെന്നും കോടതി ഉത്തരവിട്ടു.
ശ്രീകോവിലിനോട് ചേർന്ന ദ്വാരപാലക ശിൽപത്തിൽ സ്വർണം പൊതിഞ്ഞതുമായി ബന്ധപ്പെട്ട രേഖകളും കോടതി പരിശോധിച്ചു. എത്ര സ്വർണം പൊതിഞ്ഞിട്ടുണ്ടെന്ന് രേഖകളിൽ നിന്ന് വ്യക്തമല്ലെന്ന് ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. സ്വർണം പൂശുകയാണോ അതോ പൊതിയുകയാണോ ചെയ്തത് എന്നത് സംബന്ധിച്ചും വ്യക്തത വേണമെന്നും കോടതി നിർദേശിച്ചു. ഹർജി ബുധനാഴ്ച വീണ്ടും പരിഗണിക്കും.
Kerala
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമം നടത്താൻ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് അനുമതി നല്‍കിക്കൊണ്ടുള്ള ഹൈക്കോടതി വിധി സ്വാഗതാർഹമെന്ന് മന്ത്രി വി.എന്‍. വാസവന്. കോടതി വസ്തുതകൾ മനസിലാക്കി. ഉത്തരവ് പോലെ തീർഥാടകർക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കാത്ത തരത്തിലായിരിക്കും പരിപാടി നടത്തുകയെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അയ്യപ്പ സംഗമത്തിലെ വരവ് ചെലവ് കണക്ക് സുതാര്യമായിരിക്കുമെന്നും മന്ത്രി പറഞ്ഞു. ആരെയും കണക്ക് ബോധ്യപ്പെടുത്താനാകും. സർക്കാർ പണം ധൂർത്തടിക്കില്ല. പരിപാടി എല്ലാ അർഥത്തിലും സുതാര്യമായിരിക്കുമെന്നും വാസവന് വ്യക്തമാക്കി.
ശബരിമലയുടെ പവിത്രതയെ ബാധിക്കരുതെന്നും സാമ്പത്തിക കണക്കുകളിൽ സുതാര്യത വേണമെന്നുമാണ് ഹൈക്കോടതി നിർദേശിച്ചത്. ആഗോള അയ്യപ്പ സംഗമത്തിനെതിരായ ഹര്‍ജികളിൽ വിധി പറഞ്ഞുകൊണ്ടായിരുന്നു ഹൈക്കോടതിയുടെ നിര്‍ണായക ഉത്തരവ്.
കര്‍ശന നിര്‍ദേശങ്ങളോടെയാണ് ഹൈക്കോടതി ആഗോള അയ്യപ്പ സംഗമത്തിന് അനുമതി നൽകിയത്. പമ്പയുടെ പരിശുദ്ധി കാത്തുസൂക്ഷിക്കണം. പ്രതിനിധികള്‍ക്ക് പ്രത്യേക പരിരക്ഷ നല്‍കരുത്. സാധാരണ അയ്യപ്പ ഭക്തരുടെ അവകാശങ്ങള്‍ ഹനിക്കരുത്. പ്രകൃതിക്ക് ഹാനികരമായത് ഒന്നും സംഭവിക്കാൻ പാടില്ല. സാമ്പത്തിക വരവ് ചെലവുകളുടെ കണക്ക് ഉറപ്പാക്കണമെന്നും ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കി.
ആഗോള അയ്യപ്പ സംഗമം നടത്തിയതിന്റെ വരവ് ചെലവ് കണക്കുകളുടെ വിശദമായ റിപ്പോര്‍ട്ട് 45 ദിവസത്തിനുള്ളിൽ കോടതിക്ക് റിപ്പോര്‍ട്ട് നൽകണമെന്നും ഹൈക്കോടതി ഉത്തരവിലുണ്ട്. ആഗോള അയ്യപ്പ സംഗമത്തിൽ സ്പോൺസർഷിപ്പ് വഴി ലഭിക്കുന്ന തുക എങ്ങനെ ചെലവഴിക്കുമെന്നും പ്രത്യേക അക്കൗണ്ട് തുടങ്ങിയത് എന്തിനാണെന്നും കോടതി ചോദിച്ചിരുന്നു.
Kerala
കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ നടന് സൗബിന് ഷാഹിറിന് തിരിച്ചടി. ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടിയുള്ള ഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളി.
നേരത്തെ വിദേശയാത്രയ്ക്ക് അനുവദിക്കണമെന്നാവശ്യപ്പെട്ട് സൗബിന് എറണാകുളം മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നു. വിദേശത്ത് സംഘടിപ്പിക്കുന്ന അവാര്‍ഡ് ഷോയില്‍ പങ്കെടുക്കണം എന്നായിരുന്നു ആവശ്യം. എന്നാല്‍ കോടതി ഇത് അംഗീകരിക്കാതെ ഹര്‍ജി തള്ളുകയായിരുന്നു.
Kerala
കൊച്ചി: ആഗോള അയ്യപ്പ സംഗമം നടത്താൻ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് അനുമതി നല്കി ഹൈക്കോടതി. ശബരിമലയുടെ പവിത്രതയെ ബാധിക്കരുതെന്നും സാമ്പത്തിക കണക്കുകളിൽ സുതാര്യത വേണമെന്നും ഹൈക്കോടതി പറഞ്ഞു. ആഗോള അയ്യപ്പ സംഗമത്തിനെതിരായ ഹര്‍ജികളിൽ വിധി പറഞ്ഞുകൊണ്ടാണ് ഹൈക്കോടതിയുടെ നിര്‍ണായക ഉത്തരവ്.
കര്‍ശന നിര്‍ദേശങ്ങളോടെയാണ് ഹൈക്കോടതി ആഗോള അയ്യപ്പ സംഗമത്തിന് അനുമതി നൽകിയത്. പമ്പയുടെ പരിശുദ്ധി കാത്തുസൂക്ഷിക്കണം. പ്രതിനിധികള്‍ക്ക് പ്രത്യേക പരിരക്ഷ നല്‍കരുത്. സാധാരണ അയ്യപ്പ ഭക്തരുടെ അവകാശങ്ങള്‍ ഹനിക്കരുത്. പ്രകൃതിക്ക് ഹാനികരമായത് ഒന്നും സംഭവിക്കാൻ പാടില്ല. സാമ്പത്തിക വരവ് ചെലവുകളുടെ കണക്ക് ഉറപ്പാക്കണമെന്നും ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കി.
ആഗോള അയ്യപ്പ സംഗമം നടത്തിയതിന്റെ വരവ് ചെലവ് കണക്കുകളുടെ വിശദമായ റിപ്പോര്‍ട്ട് 45 ദിവസത്തിനുള്ളിൽ കോടതിക്ക് റിപ്പോര്‍ട്ട് നൽകണമെന്നും ഹൈക്കോടതി ഉത്തരവിലുണ്ട്. ആഗോള അയ്യപ്പ സംഗമത്തിൽ സ്പോൺസർഷിപ്പ് വഴി ലഭിക്കുന്ന തുക എങ്ങനെ ചെലവഴിക്കുമെന്നും പ്രത്യേക അക്കൗണ്ട് തുടങ്ങിയത് എന്തിനാണെന്നും കോടതി ചോദിച്ചിരുന്നു.
Kerala
കൊച്ചി: ഇടപ്പള്ളി-മണ്ണുത്തി ദേശീയപാതയിൽ പാലിയേക്കരയിലെ ടോള്‍ പിരിവ് തടഞ്ഞത് നീട്ടി ഹൈക്കോടതി. കേന്ദ്ര സര്‍ക്കാരിനോട് തീരുമാനമെടുക്കാൻ നിര്‍ദേശം നൽകിയതാണെന്നും തീരുമാനം വരുന്നതുവരെയാണ് ടോള്‍ പിരിവ് മരവിപ്പിച്ചതെന്നും ഹൈക്കോടതി വ്യക്തമാക്കി.
സര്‍വീസ് റോഡുകളുടേതടക്കം അറ്റകുറ്റപ്പണികളുടെ വിശദാംശങ്ങള്‍ ദേശീയ പാത അതോറിറ്റി ഇന്ന് അറിയിച്ചു. നേരത്തെ കുരുക്കുണ്ടായിരുന്ന സ്ഥലങ്ങളിൽ ഇപ്പോൾ പ്രശ്നമില്ലെന്നും ഗതാഗതം സുഗമമായി നടക്കുന്നുവെന്നും സർവീസ് റോഡുകളും ഗതാഗത യോഗ്യമാണെന്നും ദേശീയപാത അതോറിറ്റി അറിയിച്ചു. എന്നാൽ പോലീസ് റിപ്പോർട്ട് അത്തരത്തില്‍ അല്ലല്ലോ എന്ന് കോടതി ചൂണ്ടിക്കാട്ടി.
ടോള്‍ പിരിവ് പുനഃസ്ഥാപിച്ച് ഉത്തരവിൽ ഭേദഗതി വരുത്തണമെന്ന് ദേശീയപാത അതോറിറ്റി ആവശ്യപ്പെട്ടു. എന്നാൽ, ഈ ആവശ്യം കോടതി തള്ളി.
ഇടപ്പള്ളി -മണ്ണുത്തി ദേശീയപാതയിലെ ഗതാഗത പ്രശ്നവുമായി ബന്ധപ്പെട്ട ഹർജി ബുധനാഴ്ച വീണ്ടും പരിഗണിക്കും. ജില്ലാ കളക്ടറോട് ഓൺലൈനായി ബുധനാഴ്ച ഹാജരാകാൻ ഹൈക്കോടതി നിർദേശം നൽകി. കേന്ദ്ര സർക്കാരിനോടും നിലപാട് വ്യക്തമാക്കാൻ ജസ്റ്റീസുമാരായ എ.മുഹമ്മദ് മുഷ്താഖ്, ഹരിശങ്കർ വി.മേനോൻ എന്നിവരുടെ ബെഞ്ച് നിർദേശിച്ചിട്ടുണ്ട്.
ഇടപ്പളളി, മണ്ണൂത്തി ദേശീയ പാതയിലെ ഗതാഗതക്കുരുക്ക് പരിഗണിച്ചായിരുന്നു നാലാഴ്ചത്തേക്ക് ടോള്‍ പിരിവ് തടഞ്ഞത്. ഈ സമയ പരിധി ഇന്ന് അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് ഹര്‍ജി വീണ്ടും പരിഗണിച്ചത്.
National
ന്യൂഡല്‍ഹി: ക്രിമിനല്‍ കേസുകളില്‍ പ്രതികള്‍ക്ക് നേരിട്ട് മുന്‍കൂര്‍ ജാമ്യം നല്കുന്നതില് കേരള ഹൈക്കോടതിക്കെതിരെ സുപ്രീംകോടതി. സെഷന്‍സ് കോടതികളെ സമീപിക്കാത്ത പ്രതികള്‍ക്ക് ഹൈക്കോടതി നേരിട്ട് ജാമ്യം നല്കുന്നതിലാണ് വിമര്‍ശനം. രാജ്യത്ത് മറ്റൊരു ഹൈക്കോടതിയിലും സമാനമായ സാഹചര്യം ഇല്ലെന്നാണ് സുപ്രീംകോടതിയുടെ വിമര്‍ശനം.
ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനെത്തുടര്‍ന്ന് സുപ്രീം കോടതിയെ സമീപിച്ച മുഹമ്മദ് റസലിന്റെ ഹർജി പരിഗണിക്കുമ്പോഴാണ് ജസ്റ്റീസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചിന്റെ വിമർശനം. കേസില്‍ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു.
അമിക്കസ്ക്യൂറിയായി മുതിര്‍ന്ന അഭിഭാഷകന് സിദ്ധാര്‍ഥ് ലൂതറയെ കോടതി നിയമിച്ചു. മുന്‍കൂര്‍ ജാമ്യത്തിനായി പ്രതികള്‍ ആദ്യം സമീപിക്കേണ്ടത് സെഷന്‍സ് കോടതിയെയാണെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ബിഎന്‍എസ്എസിന്റെ 482-ാം വകുപ്പ് പ്രകാരം നേരിട്ട് ഫയല്‍ ചെയ്യുന്ന മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്ന പ്രവണത കേരള ഹൈക്കോടതിയില്‍ മാത്രമാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ക്രിമിനല്‍ കേസുകളിലെ വസ്തുതകള്‍ അറിയാവുന്നത് സെഷന്‍സ് കോടതിയിലാണ്. പലപ്പോഴും ഹൈക്കോടതികള്‍ക്ക് കേസുകളുടെ പൂര്‍ണമായ വസ്തുത അറിയണമെന്നില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
എന്നാല്‍ വിചാരണക്കോടതിയെ സമീപിക്കാതെ നേരിട്ട് ഫയല്‍ ചെയ്യുന്ന ജാമ്യാപേക്ഷകള്‍ ഹൈക്കോടതി പരിഗണിക്കുന്നതില്‍ നിയമപരമായി തെറ്റില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. കേസില്‍ ഒക്ടോബര്‍ 14ന് വിശദ വാദം കേള്‍ക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചു.
Kerala
കൊച്ചി: പാലക്കാട് എലപ്പുളളിയില്‍ ബ്രൂവറി സ്ഥാപിക്കാന്‍ ഒയാസിസ് കമ്പനിക്ക് സംസ്ഥാന സര്‍ക്കാര്‍ നല്കിയ അനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ടുളള ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസിലെ അന്തിമ വാദം ഇന്ന് തുടങ്ങും.
ചീഫ് ജസ്റ്റീസ് നിതിന്‍ ജാംദാര്‍, ജസ്റ്റീസ് ബസന്ത് ബാലാജി എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണ് വിശദമായ വാദം കേള്‍ക്കുന്നത്. ആക്ട്സ് ജനറല്‍ സെക്രട്ടറി ജോര്‍ജ് സെബാസ്റ്റ്യന്‍, എലപ്പുള്ളി പഞ്ചായത്ത് അംഗങ്ങളായ ഡി. രമേശന്, സന്തോഷ് പള്ളത്തേരി എന്നിവരാണ് പൊതുതാത്പര്യ ഹര്‍ജികള്‍ നല്‍കിയത്.
Kerala
കൊച്ചി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിനെതിരായ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹൈന്ദവീയം ഫൗണ്ടേഷന് ട്രസ്റ്റ് നല്കിയ ഹര്‍ജിയാണ് ഡിവിഷന് ബെഞ്ച് ഇന്ന് പരിഗണിക്കുന്നത്.
ആഗോള അയ്യപ്പ സംഗമം നടത്തുന്നതില്‍ നിന്ന് സര്‍ക്കാരിനെയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെയും തടയണമെന്നാണ് ആവശ്യം. ആഗോള അയ്യപ്പ സംഗമത്തിനായി പണം ചെലവഴിക്കരുതെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് നിര്‍ദേശം നല്‍കണമെന്നും ആവശ്യമുണ്ട്.
മതേതര നിലപാട് ഉന്നയിച്ച് അധികാരത്തിലേറിയ സര്‍ക്കാര്‍ ഇത്തരത്തില്‍ ഒരു മതപരമായ പരിപാടി സംഘടിപ്പിക്കുന്നത് ഭരണഘടനാ ലംഘനമാണെന്നാണ് ഹര്‍ജിയിലെ വാദം. ജസ്റ്റീസുമാരായ വി. രാജാ വിജയരാഘവന്, കെ.വി. ജയകുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ദേവസ്വം ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.
Kerala
കൊച്ചി: ആഗോള അയ്യപ്പ സംഗമത്തില്‍ സര്‍ക്കാരില്‍ നിന്നും വിശദീകരണം തേടി ഹൈക്കോടതി. ആരാണ് അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നതെന്നും, എന്താണ് പരിപാടിയുടെ ഉദ്ദേശ്യമെന്നും കോടതി ആരാഞ്ഞു.
ആരാണ് അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നതെന്ന കോടതിയുടെ ചോദ്യത്തിന് ദേവസ്വം ബോർഡാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് സർക്കാർ മറുപടി നല്കി. ദേവസ്വം ബോർഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമെന്നും സർക്കാർ കോടതിയെ അറിയിച്ചു. ആഗോള അയ്യപ്പ സംഗമം എന്ന് വിളിക്കുന്നത് എന്തുകൊണ്ടെന്നും ദേവസ്വം ബോർഡിന് മറ്റു ക്ഷേത്രങ്ങൾ ഉണ്ടല്ലോ എന്നും കോടതി ചോദിച്ചു.
മതസൗഹാർദം ഊട്ടിയുറപ്പിക്കാനെന്ന് സർക്കാർ മറുപടി നല്കി. സ്പോൺസര്‍ഷിപ്പിലൂടെ പരിപാടി നടത്തുന്നത് എന്തിനാണെന്നും പരിപാടിയുടെ സംഘാടനത്തിൽ സർക്കാരിനും ബോർഡിനും വ്യക്തതയില്ലേ എന്നും കോടതി ചോദിച്ചു.
അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട ഹരജി ഫയിലില്‍ സ്വീകരിച്ച കോടതി സംഗമവുമായി ബന്ധപ്പെട്ട ഫണ്ടുസമാഹരണവും വരവുചെലവുകളും സംബന്ധിച്ച് കൃത്യമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോടും സര്‍ക്കാരിനോടും നിര്‍ദേശിച്ചു.
Kerala
കൊച്ചി: സര്‍ക്കാര്‍ ശബരിമലയില്‍ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി മാറ്റി. ഓണാവധിക്കുശേഷം ഹൈക്കോടതി ദേവസ്വം ബെഞ്ച് പരിഗണിക്കും. അവധിക്കാല ബെഞ്ചിനു മുന്നില്‍ ഇന്ന് ഹര്‍ജി വന്നെങ്കിലും ദേവസ്വം ബെഞ്ചിലേക്ക് മാറ്റുകയായിരുന്നു.
ആഗോള അയ്യപ്പ സംഗമം സംബന്ധിച്ച് കോടതി രേഖകള്‍ ചോദിച്ചെങ്കിലും ഇതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരോ ദേവസ്വം ബോര്‍ഡോ അന്തിമ തീരുമാനം എടുത്തില്ലെന്നും യാതൊരു ഉത്തരവുകളും പുറപ്പെടുവിച്ചിട്ടില്ലെന്നും പ്രോസിക്യൂഷന് മറുപടി നല്കി.
എം. നന്ദകുമാര്‍, വി.സി. അജികുമാര്‍ എന്നിവരാണ് ഹര്‍ജി നല്‍കിയത്. അയ്യപ്പസംഗമം ഹൈന്ദവ ആരാധനാലയ നിയമത്തിന്റെ ലംഘനമാണെന്നും അയ്യപ്പസംഗമത്തിലൂടെ സര്‍ക്കാര്‍ മതേതരത്വ കടമകളില്‍ നിന്ന് മാറുന്നുവെന്നുമാണ് ഹര്‍ജിക്കാരുടെ വാദം.
ദേവസ്വം ബോര്‍ഡ് അധികാരപരിധി ലംഘിച്ച് പ്രവര്‍ത്തിക്കുന്നെന്ന ആരോപണവും ഹര്‍ജിയിലുണ്ട്. അയ്യപ്പസംഗമത്തിനൊപ്പം ആഗോള ക്രിസ്ത്യന്‍ സംഗമവും നടത്തണമെന്ന ആവശ്യവും ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുണ്ട്.
Kerala
കൊച്ചി: സര്‍ക്കാര്‍ ശബരിമലയില്‍ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമം തടയണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും. എം. നന്ദകുമാര്‍, വി.സി അജികുമാര്‍ എന്നീ വ്യക്തികളാണ് ഹര്‍ജി നല്‍കിയത്.
അയ്യപ്പസംഗമം ഹൈന്ദവ ആരാധനാലയ നിയമത്തിന്റെ ലംഘനമാണെന്നും അയ്യപ്പസംഗമത്തിലൂടെ സര്‍ക്കാര്‍ മതേതരത്വ കടമകളില്‍ നിന്ന് മാറുന്നുവെന്നുമാണ് ഹര്‍ജിക്കാരുടെ വാദം. ദേവസ്വം ബോര്‍ഡ് അധികാരപരിധി ലംഘിച്ച് പ്രവര്‍ത്തിക്കുന്നെന്ന ആരോപണവും ഹര്‍ജിയിലുണ്ട്.
അയ്യപ്പസംഗമത്തിനൊപ്പം ആഗോള ക്രിസ്ത്യൻ സംഗമവും നടത്തണമെന്ന ആവശ്യവും ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുണ്ട്. ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
Kerala
കൊച്ചി: സിന്‍ഡിക്കറ്റ് യോഗം ചേരാന്‍ കഴിയുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കേരള സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ശിവപ്രസാദ് നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
ജസ്റ്റീസ് സി.എസ്. ഡയസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. സിന്‍ഡിക്കേറ്റില്‍ പങ്കെടുക്കേണ്ട സുപ്രധാന സര്‍ക്കാര്‍ വകുപ്പ് മേധാവികള്‍ മനഃപൂര്‍വം പങ്കെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഡോ. ശിവപ്രസാദ് കോടതിയെ സമീപിച്ചത്.
ധനകാര്യ, ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിമാരും സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറും രാഷ്ട്രീയപ്രേരിതമായി യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നു എന്നാണ് ആക്ഷേപം. ക്വാറം തികയാത്തതിനാല്‍ പലതവണ യോഗം മാറ്റിവയ്ക്കേണ്ടി വന്നത് സര്‍വകലാശാലയുടെ ദൈനംദിന പ്രവൃത്തികളെ ബാധിച്ചു എന്നും വിസി ചൂണ്ടിക്കാട്ടുന്നു.
2025 - 26 വര്‍ഷത്തെ ബജറ്റ് പാസാക്കാന്‍ പോലും കഴിഞ്ഞിട്ടില്ല. ഇതോടെ ഡിജിറ്റല്‍ സേവനങ്ങളും ഇന്റര്‍നെറ്റ് കണക്ഷനും തടസപ്പെടുമെന്ന ആശങ്കയും വിസി ഹര്‍ജിയില്‍ ഉയര്‍ത്തുന്നുണ്ട്. യോഗത്തില്‍ പങ്കെടുക്കാതെ മനഃപൂര്‍വം വിട്ടുനില്‍ക്കുന്നത് ചട്ടലംഘനമെന്ന് ഉത്തരവിടാനും, ഉദ്യോഗസ്ഥരോട് യോഗത്തില്‍ പങ്കെടുക്കാന്‍ കോടതി നിര്‍ദേശിക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.
Kerala
കൊച്ചി: അശ്ലീല രംഗങ്ങളില്‍ അഭിനയിക്കുകയും വീഡിയോ പ്രചരിപ്പിക്കുകയും ചെയ്തെന്ന പരാതിയില്‍ തനിക്കെതിരായ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടി ശ്വേത മേനോൻ ഹൈക്കോടതിയെ സമീപിച്ചു.
അന്വേഷണ നടപടികൾ അടിയന്തരമായി സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് താരം ഹൈക്കോടതിയിൽ ഹർജി നൽകി. ഹര്‍ജി ഇന്നുതന്നെ പരിഗണിക്കണമെന്ന് ആവശ്യപ്പെടുമെന്നാണ് വിവരം. കേസ് അടിസ്ഥാനരഹിതമാണെന്നടക്കമുള്ള തരത്തില്‍ നിയമോപദേശം ലഭിച്ച സാഹചര്യത്തിലാണ് ശ്വേത മേനോൻ കോടതിയെ സമീപിച്ചത്.
തനിക്കെതിരായി പരാതിക്കാരന് നല്കിയ ക്ലിപ്പുകള്‍ സെന്‍സര്‍ ചെയ്ത സിനിമകളിലേതെന്ന് കോടതിയെ അറിയിക്കാനാണ് നീക്കം. കുടുംബചിത്രങ്ങളില്‍ അഭിനയിക്കുന്ന നടിയാണ് താനെന്നും ഗൂഢാലോചനയുടെ ഭാഗമാണ് പരാതിയെന്നും ശ്വേത അറിയിക്കും. എന്നാല്‍ പോണ്‍സൈറ്റുകളില്‍ ചിത്രം കടന്നുവന്നത് എങ്ങനെയെന്ന് അന്വേഷിക്കണമെന്നും കോടതിയോട് ആവശ്യപ്പെടും.
മാര്ട്ടിന് മേനാച്ചേരി എന്നയാളുടെ പരാതിയില്‍ എറണാകുളം സിജെഎം കോടതിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് ബുധനാഴ്ചയാണ് പോലീസ് കേസെടുത്തത്. അനാശാസ്യ നിരോധന നിയമപ്രകാരവും, ഐടി ആക്ട് പ്രകാരവുമാണ് കേസ്.
എറണാകുളം സെന്‍ട്രല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം ആരംഭിച്ചു. കോടതി നിര്‍ദേശത്തെ തുടര്‍ന്നുള്ള കേസ് ആയതിനാല്‍ പ്രാഥമിക അന്വേഷണത്തിന്റെ ആവശ്യമില്ല. നേരിട്ട് കേസ് അന്വേഷണത്തിലേക്ക് കടന്നതായി പോലീസ് പറഞ്ഞു.
സിനിമയിലും പരസ്യങ്ങളിലും മറ്റും നഗ്നത പ്രദര്‍ശിപ്പിച്ച് അഭിനയിച്ചു, സമൂഹമാധ്യമങ്ങളിലൂടെയും വെബ്സൈറ്റുകളിലൂടെയും ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച് വരുമാനം നേടി തുടങ്ങിയ ആരോപണങ്ങളാണ് പരാതിയില്‍ ഉള്ളത്.
സാമ്പത്തിക ലാഭത്തിനുവേണ്ടി ഗൂഢ ഉദ്ദേശത്തോടെ സിനിമയിലും പരസ്യങ്ങളിലും നഗ്നത പ്രദര്‍ശിപ്പിച്ച് അഭിനയിച്ചു, സമൂഹമാധ്യമങ്ങളിലൂടെയും പോണ്സൈറ്റുകളിലൂടെയും ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച് വരുമാനം നേടിയെന്നുമാണ് എഫ്ഐആറില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.
അതേസമയം ശ്വേത മേനോന് താരസംഘടന അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതുമായി തന്റെ പരാതിക്ക് ബന്ധമില്ലെന്ന് പരാതിക്കാരന് പറഞ്ഞു. നടിക്കെതിരെ താന്‍ മാര്‍ച്ചില്‍ ആണ് പരാതി നല്‍കിയത്. സെന്‍ട്രല്‍ പോലീസില്‍ പരാതി നല്‍കിയിട്ട് നടപടി ഉണ്ടാകാതിരുന്നതോടെ കോടതിയെ സമീപിക്കുകയായിരുന്നുവെന്നും മാര്ട്ടിന് പറഞ്ഞു.